സേവ് സിദ്ദീഖ് കാപ്പന്‍: എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധ യോഗം നടത്തി

കൊച്ചി: ഉത്തര്‍ പ്രദേശ് പോലിസിന്റെ തടങ്കലില്‍ രോഗബാധിതനായി ആശുപത്രിയില്‍ നരകയാതന അനുഭവിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കണമെന്നും അദ്ദേഹത്തെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സേവ് സിദ്ദീഖ് കാപ്പന്‍ എന്നപേരില്‍ ആരംഭിച്ച പ്രത്യക്ഷ സമരത്തിന്റെയും കാംപയിന്റെയും ഭാഗമായി കെയുഡബ്ല്യൂജെ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിദിനം ആചരിക്കുകയും പ്രതിഷേധ യോഗം നടത്തുകയും ചെയ്തു.

സിദ്ദീഖ് കാപ്പനെ മോചിപ്പിക്കാന്‍ യു പി സര്‍ക്കാര്‍ അടിയന്തരമായി തയ്യാറകണം. രോഗബാധിതനായ അദ്ദേഹം ആശുപത്രിയില്‍ നരകയാതന അനുഭവിക്കുകയാണ്. മാനുഷിക പരിഗണന നല്‍കി സിദ്ദീഖ് കാപ്പന് മികച്ച ചികില്‍സ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന യോഗത്തില്‍ പ്രസ് ക്ലബ്ബ് ജില്ലാ കമ്മിറ്റി അംഗം രാജേഷ് തകഴി അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പി ശശികാന്ത്,Kuwj സംസ്ഥാന സെക്രട്ടറി ഷബ്‌ന സിയാദ്, പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് ജിപ്‌സണ്‍ സിക്കേര എന്നിവർ സംസാരിച്ചു.