കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും പാവപ്പെട്ടവര്‍ക്ക് അരിയും ഭക്ഷ്യവസ്തുക്കളും പൊതിച്ചോറും തുടര്‍ച്ചയായി വിതരണം ചെയ്ത് മാതൃകയാവുകയാണ് എച്ച്എല്‍എല്ലും നന്മ ഫൗണ്ടേഷനും. ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്ലും ഐജി പി.വിജയന്‍ രക്ഷാധികാരിയായ നന്മ ഫൗണ്ടേഷന്റെ എറണാകുളം ഘടകവുമാണ് കൊവിഡിന്റെ ആദ്യഘട്ടത്തില്‍ തുടങ്ങി തുടര്‍ച്ചയായി പാവങ്ങള്‍ക്ക് അരിയും ഭക്ഷ്യവസ്തുക്കളും പൊതിച്ചോറും എത്തിച്ചു നല്‍കുന്നത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ള തൃക്കാക്കരയില്‍ എം.പി. ഹൈബീ ഈഡന്‍ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ സീനിയര്‍ മാനേജറും നന്മഫൗണ്ടേഷന്‍ അംഗവുമായ ഡോക്ടര്‍ രജികൃഷ്ണയില്‍ നിന്ന് അരിയുള്‍പ്പടെയുള്ള ഭക്ഷ്യക്കിറ്റുകള്‍ ഏറ്റുവാങ്ങി. തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പന്‍ ചടങ്ങില്‍ പങ്കെടുത്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതലുള്ള തൃക്കാക്കരയില്‍ വരുംദിവസങ്ങളില്‍ ഘട്ടം ഘട്ടമായി കൂടുതല്‍ അരിയും ഭക്ഷ്യക്കിറ്റുകളും എത്തിച്ചു നല്‍കുമെന്ന് ഡോക്ടര്‍ രജി കൃഷ്ണ അറിയിച്ചു. പശ്ചിമകൊച്ചി ഭാഗങ്ങളായ ഫോര്‍ട്ട്‌കൊച്ചി, തോപ്പുംപടി തുടങ്ങിയ പ്രദേശങ്ങളില്‍ ഫോര്‍ട്ട് കൊച്ചി പോലീസിന്റെ സഹകരണത്തോടെയാണ് പൊതിച്ചോറുകള്‍ വിതരണം ചെയ്യുന്നത്. എംജി റോഡിലായി തെരുവോരത്ത് കഴിയുന്നവര്‍ക്കും ഇവര്‍ സ്ഥിരമായി പൊതിച്ചോറുകള്‍ നല്‍കി വരുന്നുണ്ട്.