കൊച്ചി :എറണാകുളം പ്രസ് ക്ലബിന്റെ ‘ഓണം പൊന്നോണം’ ആഘോഷ പരിപാടികൾക്ക് തുടക്കമായി. ഹോട്ടൽ താജ് ഗേറ്റ്‌വേയിൽ സംഘടിപ്പിച്ച ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ് ഓണാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്‌തു.
കോവിഡ് മഹാമാരി കാലത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ജനങ്ങൾക്ക് പരമാവധി സഹായമെത്തിക്കാനാണ് ഓണക്കിറ്റ് പോലുള്ള പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സർക്കാരിനൊപ്പം വ്യവസായ ഗ്രൂപ്പുകളും സന്നദ്ധ സംഘടനകളും ഒരുമിച്ചുള്ള പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതകാലത്ത് അംഗങ്ങൾക്ക് കിറ്റ് വിതരണം ഉൾപ്പെടെയുള്ള സഹായമെത്തിക്കുന്ന പ്രസ് ക്ലബിന്റെ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.
ബിപിസിഎൽ കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സഞ്ജയ് ഖന്ന മുഖ്യാതിഥിയായിരുന്നു. പ്രസ് ക്ലബിന്റെ ഉപഹാരം മന്ത്രി പി രാജീവ്, സഞ്ജയ് ഖന്ന എന്നിവർക്ക് കൈമാറി. ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു അധ്യക്ഷനായി. ദി ഹിന്ദു സീനിയർ എഡിറ്റർ വി സജീവ് കുമാർ സ്വാഗതവും പ്രസ് ക്ലബ് സെക്രട്ടറി പി ശശികാന്ത് നന്ദിയും പറഞ്ഞു.