പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ വനം വകുപ്പുമായി സഹകരിച്ച് മൂന്നാര്‍ – ഇരവികുളത്ത് 27,28 തീയതികളില്‍ സംഘടിപ്പിച്ച പ്രകൃതി പഠന ക്യാമ്പ് പുത്തൻ അറിവുകളും പുതിയ അനുഭവങ്ങളും സമ്മാനിച്ച് അവസാനിക്കുമ്പോൾ ആദ്യ നന്ദി വനം വകുപ്പിനോട്.
കാട് എന്തെന്നറിയാതെ കാട് കയറിയ മുഴുവൻ ക്യാമ്പ് അംഗങ്ങളും മൂന്നാറിനെയും ഇരവികുളം നാഷണൽ പാർക്കിനെയും കുറിച്ച് വ്യക്തമായ ധാരണയോടെയാണ് മടക്ക യാത്രയ്ക്ക് വണ്ടി കയറിയത്. വന സംരക്ഷണം, വന്യ ജീവികളും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യം, ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ പ്രാധാന്യം, തുടങ്ങി പ്രകൃതിയോട് മനുഷ്യനു ഉണ്ടാവേണ്ട കരുതലിനെ കുറിച്ചുവരെ വിജ്ഞാനപ്രദവും രസകരവുമായ കാര്യങ്ങളാണ് വിവിധ സെഷനുകളിലായി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ക്ലാസുകളിലൂടെ പങ്കു വെച്ചത്.
ക്യാമ്പിന്റെ രണ്ടാം ദിനം ഇരവികുളം ദേശീയ ഉദ്യാനത്തിലേക്ക് നടത്തിയ ട്രക്കിങ്ങ് പുത്തൻ അനുഭവം പകർന്നു.
കാടിനെ അടുത്ത് അറിഞ്ഞ് നിഗൂഢതകളൊളിപ്പച്ച കാടിന്റെ ഗന്ധം ശ്വസിച്ച്, അരുവികളുടെ കളകളാരവം കേട്ട്, എല്ലാ മാനസിക പിരിമുറുക്കവും മറന്ന് എല്ലാവരും ഒരേ പോലെ ആസ്വദിച്ച ട്രക്കിങ്ങ് ആദ്യാവസാനം വൈബ് നിറഞ്ഞതായിരുന്നു.
മൂന്ന് ദിനവും രുചികരമായം ഭക്ഷണം ഒരുക്കിയും, മികച്ച താമസ സൗകര്യം നൽകുകയും ചെയ്ത വനം വകുപ്പിന്റെ സേവനവും എടുത്ത് പറയേണ്ടതാണ്. 22 അംഗങ്ങളുടെയും പരസ്പര സഹകരണവും ക്യാമ്പിനെ മികവുറ്റതാക്കി. ക്യാമ്പില്‍ പങ്കാളികളായ പലരും അപരിചിതത്വത്തിൽ നിന്നാണ് തുടങ്ങിയതെങ്കിൽ യാത്ര പൂർത്തിയാക്കിയപ്പോൾ ഒരു കുടുംബം പോലെയായി. എല്ലാറ്റിലുമുപരി ഈ ക്യാമ്പിന്റെ വിജയത്തിനു പിന്നിലും എറണാകുളം പ്രസ് ക്ലബിന്റെ കൂട്ടായ്മ തന്നെ.
