ദേശീയ ഭക്ഷ്യഭദ്രത നിയമം-മീഡിയ സെമിനാര്‍: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും റേഷന്‍ ആനുകൂല്യമെന്ന് മന്ത്രി തിലോത്തമന്‍

കൊച്ചി: ദേശീയഭക്ഷ്യഭദ്രത നിയമത്തിന്റെ ചുവട്പിടിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും റേഷന്‍ വിതരണം ചെയ്യുന്ന നടപടികള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍. ദേശീയഭക്ഷ്യഭദ്രത നിയമം പൂര്‍ണമായും നടപ്പിലാക്കുമ്പോള്‍ ഏറ്റവും വലിയ ഗുണഭോക്താവാകുന്നത് ഇതര സംസ്ഥാന തൊഴിലാളികളായിരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച ദേശീയഭക്ഷ്യഭദ്രത നിയമം മാധ്യമ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

നിലവില്‍ സംസ്ഥാനത്ത് 40 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇവരില്‍ പലരും കുടുംബസമേതമാണ് കേരളത്തില്‍ തൊഴില്‍ തേടിയെത്തുന്നത്. എന്നാല്‍ ഇവര്‍ക്ക് റേഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ദേശീയഭക്ഷ്യഭദ്രത നിയമം നടപ്പിലാക്കുമ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കേരളത്തില്‍ നിന്ന് റേഷന്‍ വാങ്ങുന്നതിനുള്ള സൗകര്യം നടപ്പിലാകും. ഇത് കേരളത്തിന്റെ കമ്പോളത്തിലാകെ ചലനമുണ്ടാക്കും. ദേശീയഭക്ഷ്യഭദ്രത നിയമം പൂര്‍ണമായും നടപ്പിലാക്കുന്നതോടെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് രാജ്യത്തിന്റെ ഏത് സംസ്ഥാനത്ത് നിന്നും റേഷന്‍ മേടിക്കുവാന്‍ സാധിക്കുമെന്നത് വലിയ പ്രത്യേകതയാണ്. അതിന്റെ ആദ്യപടിയായി 10 സംസ്ഥാനങ്ങളെ ഉള്‍ക്കൊള്ളിച്ച് ക്ലസ്റ്റര്‍ രൂപികരിച്ച് കഴിഞ്ഞു. കേരളത്തിനൊപ്പം കര്‍ണാടകയാണ് ഈ ക്ലസ്റ്ററിലുള്ളത്. മംഗലാപുരത്തുള്ള കാര്‍ഡ് ഉടമയ്ക്ക് കാസര്‍കോട് നിന്നും തിരിച്ചും റേഷന്‍ വാങ്ങിക്കുവാന്‍ ഇതിലൂടെ സാധിക്കും. 2013ല്‍ വിഭാവനം ചെയ്ത ദേശീയഭക്ഷ്യഭദ്രത നിയമം ഏറെ വൈകിയാണ് കേരളത്തില്‍ നടപ്പിലാക്കുവാന്‍ സാധിച്ചത്. 2016 നവംബര്‍ ഒന്നിനാണ് കേരളത്തില്‍ പദ്ധതിക്ക് തുടക്കമിട്ടതെങ്കിലും ചുരുങ്ങിയ കാലയളവില്‍ തന്നെ ഏറെ മുന്നോട്ട് പോകുവാന്‍ സാധിച്ചു. റേഷന്‍ ആനുകൂല്യത്തിന് അര്‍ഹരായവരുടെ മുന്‍ഗണന പട്ടിക പുനര്‍ക്രമീകരിക്കുന്നതും ശുദ്ധികരിക്കുന്നതിനുമാണ് ഏറെ വെല്ലുവിളി നേരിട്ടത്. അനര്‍ഹരായ ഏറെ ആളുകളാണ് റേഷന്‍ പട്ടികയില്‍ ഇടംപിടിച്ചിരുന്നത്. അര്‍ഹരായവര്‍ പുറത്ത് നില്‍ക്കുന്ന സ്ഥിതിയുമുണ്ടായിരിന്നു. ഏറെ വെല്ലുവിളികള്‍ നേരിട്ട് പട്ടികയുടെ പുനര്‍ക്രമീകരണവും ശുദ്ധികരണവും പൂര്‍ത്തിയാക്കി. 16 ലക്ഷം പരാതികളാണ് ഇക്കാലയളവില്‍ ഭക്ഷ്യവകുപ്പിന് ലഭിച്ചത്. ഇത് മുഴുവനും പരിശോധിച്ച് തീര്‍പ്പാക്കിയാണ് ദേശീയഭക്ഷ്യഭദ്രത നിയമം നടപ്പിലാക്കുന്നതിന്റെ ചവിട്ടുപടികളിലേക്ക് സംസ്ഥാന ഭക്ഷ്യവിതരണവകുപ്പ് നടന്നടുക്കുന്നതെന്നും മന്ത്രി കൂട്ടിചേര്‍ത്തു. റേഷന്‍ കാര്‍ഡ് പുതുക്കി നല്‍കിയപ്പോള്‍ 80 ലക്ഷം കാര്‍ഡ് ഉടമകളാണ് റേഷന് അര്‍ഹരായിട്ടുള്ളത്. പുതിയ കുടുംബമായി മാറി താമസിക്കുന്നവര്‍ക്ക് കാര്‍ഡ് വിതരണം ചെയ്യുന്നത് മുടങ്ങി കിടക്കുകയായിരുന്നു. അതിനും മാറ്റമുണ്ടാക്കി. ആറ് ലക്ഷം പുതിയ കാര്‍ഡുകള്‍ നല്‍കി.

ആകെ 86 ലക്ഷം പേര്‍ക്കാണ് റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തതെതന്നും മന്ത്രി അറിയിച്ചു. റേഷന്‍ കടകള്‍ ആധുനികവല്‍കരിച്ചത് വിതരണ സമ്പ്രദായം കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കുവാന്‍ സഹായിച്ചു. ബയോമെട്രിക് സംവിധാനങ്ങളടക്കം ഏര്‍പ്പെടുത്തിയാണ് റേഷണ്‍ വിതണം ആധുനികവത്കരിച്ചത്. വാതില്‍പ്പടി റേഷന്‍ വിതരണം കാര്യക്ഷമമാക്കി നടപ്പിലാക്കുവാനും ഭക്ഷ്യവകുപ്പിന് സാധിച്ചു. റേഷന്‍ ഗോഡൗണുകളില്‍ സിസിടിവിയും റേഷന്‍ വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ ജിപിഎസും ഘടിപ്പിച്ച് പൂര്‍ണമായും അട്ടിമറി സാധ്യതകള്‍ ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു. വീടുകളിലേക്ക് റേഷന്‍ എത്തിച്ച് നല്‍കുന്ന പദ്ധതിയും ദേശീയഭക്ഷ്യഭദ്രത നിയമത്തിന്റെ ചുവട്പിടിച്ച് നടപ്പിലാക്കും. ആദിവാസി ഊരുകളില്‍ നിലവില്‍ പദ്ധതി നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. അട്ടപ്പാടി, വയനാട് പോലെ ആദിവാസിസമൂഹം ഏറെയുള്ള പ്രദേശങ്ങളില്‍ വൈകാതെ പദ്ധതി നടപ്പിലാക്കുമെന്നും റേഷന്‍ ജനങ്ങള്‍ക്കുള്ള ഔദാര്യമല്ല മറിച്ച് അവരുടെ അവകാശമാണെന്ന് തിരിച്ചറിവുണ്ടാകണമെന്നും മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ അംഗം അഡ്വ. ബി രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. പട്ടിണിയില്ലാത്ത ലോകമെന്ന കാഴ്ച്ചപ്പാടില്‍ ഐക്യരാഷ്ട്ര സഭയില്‍ നിന്നാണ് ദേശീയഭക്ഷ്യഭദ്രത നിയമത്തിന്റെ തുടക്കമെന്ന് ബി രാജേന്ദ്രന്‍ പറഞ്ഞു.

നിലവില്‍ പട്ടിണിയുടെ ആഗോള സൂചികയില്‍ ഇന്ത്യ 89-ാം സ്ഥാനത്താണ്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ പിന്നോക്ക രാജ്യങ്ങളേക്കാള്‍ ഏറെ പിന്നിലാണ് ഇന്ത്യ. ദേശീയഭക്ഷ്യഭദ്രത നിയമം കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതോടെ ഇൗ മേഖലയില്‍ ഇന്ത്യയ്ക്ക് ഏറെ മുന്നേറാനാകും. സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്താകെ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നീരസത്തോടെയാണ് കമ്മിഷനോട് പെരുമാറുന്നതെന്നും അദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ജ്യോതി കൃഷ്ണ ബി, പ്രസ് ക്ലബ്ബ് സെക്രട്ടറി പി ശശികാന്ത് തുടങ്ങിയവര്‍ സംസാരിച്ചു. മീഡിയ അക്കാദമി സെക്രട്ടറിയായി ചുമതലയേറ്റ ചന്ദ്രഹാസന്‍ വടുതലയെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ സഹീര്‍ ടി വിഷയം അവതരിപ്പിച്ചു. കൊച്ചി താലൂക്ക് സപ്ലൈ ഓഫീസര്‍ ശോഭ ടി നന്ദി പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *